ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം

കബനീ നദിയുടെ തീരത്ത് വയനാടിന് മകുടം ചാർത്തി ഒളിമങ്ങാത്ത, നക്ഷത്രം കണക്കെ വാനോളം ഉയർന്നു നിൽക്കുന്ന പുണ്യപുരാതന ക്ഷേത്രമാണ് ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം. കൽപ്പറ്റയിൽ നിന്നും ഏകദേശം 24 കിലോമീറ്ററും, സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും, മാനന്തവാടിയിൽ നിന്ന് 5 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ദുർഗ്ഗാ ക്ഷേത്രത്തിൽ ഭഗവതിയെ മൂന്ന് പ്രധാന രൂപങ്ങളിൽ ആരാധിച്ച് പോരുന്നു. മേൽക്കാവിൽ വനദുർഗ്ഗയായും കീഴ്ക്കാവിൽ ഭദ്രകാളിയായും കബനീ നദിയിലെ അമ്മായത്തിൽ (മത്സ്യതീർത്ഥം, കഞ്ഞികുണ്ഡ്) ജലദുർഗ്ഗയായും അമ്മയെ ആരാധിക്കുന്നു.

മീനമാസം ഒന്നു മുതൽ പതിനഞ്ച് വരെ നീണ്ടു നിൽക്കുന്ന ആറാട്ട് മഹോത്സവമാണ് ഇവിടുത്തെ പ്രധാന സവിശേഷത. ഗോത്ര താളവും, ആചാരാനുഷ്ഠാനങ്ങളും ഇന്നും തനിമ വിടാതെ കൊണ്ടാടുന്ന ക്ഷേത്ര മഹോത്സവം വയനാടിന്റെ ദേവീയോത്സവമാണ്. മീനം സംക്രമ ദിവസം മാനത്തവാടിക്കടുത്തുള്ള പാണ്ടിക്കടവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പള്ളിയറ ശീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നിന്നും ദേവിയുടെ തിരുവായുധമായ നാന്ദകവാൾ എഴുന്നള്ളിച്ചുകൊണ്ടുവന്ന് കീഴ്ക്കാവിലെ മണിപ്പുറ്റിനുള്ളിൽ വെക്കുന്നതോടെ ഉത്സവത്തിന് നാന്ദികുറിക്കപ്പെടുന്നു. ഉത്സവം തുടങ്ങി ഏഴാം നാൾ (മീനം 7 ന് ) വൈകുന്നേരം കൊടിയേറുകയും ഉത്സവം കഴിഞ്ഞ് ഏഴാം നാൾ കൊടിയിറങ്ങുകയും ചെയ്യുന്നു എന്ന പ്രത്യേകത വള്ളിയൂർക്കാവ് ക്ഷേത്രോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.

1. ചരിത്രം
മദ്ധ്യകാലങ്ങളിലേക്ക് നീളുന്ന ചരിത്ര പഴമ അവകാശപ്പെടാവുന്ന വയനാട്ടിലെ ഒരു പ്രസിദ്ധ ക്ഷേത്രമാണ് വള്ളിയൂർക്കാവ്. വള്ളിയൂർക്കാവുമായി ബന്ധപ്പെട്ട ചരിത്രമന്വേഷിക്കുന്ന ഏതൊരാളുടേയും മുന്നിലെ പ്രധാന പ്രതിസന്ധി രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖകൾ ലഭ്യമല്ല എന്നുള്ളതാണ്. വള്ളിയൂർക്കാവിനെ സംബന്ധിച്ച് നമ്മുടെ മുന്നിലുള്ള ആദ്യത്തെ ലിഖിത ചരിത്രരേഖ എന്നത്, 1904 -1905 കാലഘട്ടത്തിൽ ബ്രിട്ടീഷ് സിവിൽ സെർവൻറും കൊളോണിയൽ അഡ്മിനിസ്ട്രേറ്ററും അയ Sir Charles Alexander Innes രചിക്കുകയും പിന്നീട് 1908 ൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത Malabar Gazetter ലെ പരാമർശമാണ്. വള്ളിയൂർക്കാവിനെപ്പറ്റി മലബാർ ഗസറ്റിയർ ഇങ്ങനെ പറയുന്നു ;

” മാനന്തവാടിയിൽ നിന്ന് രണ്ട് മൈൽ അകലെ, പുഴക്കരയിലാണ് വള്ളിയൂർക്കാവ് എന്ന പേരിൽ പ്രസിദ്ധമായ ‘ഫിഷ്പഗോഡ’. തിരുനെല്ലി ക്ഷേത്രത്തിന്റെ സംരക്ഷണാർത്ഥം സ്ഥാപിതമായ നാല് കാവൽ ക്ഷേത്രങ്ങളിലൊന്നാണ് ഇതെന്ന് പൊതുവേ കരുതപ്പെടുന്നു. വള്ളിയൂർക്കാവ് ദുർഗ്ഗയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്. ക്ഷേത്ര പാർശ്വത്തിലൂടെ ഒഴുകുന്ന നദിയിലെ മത്സ്യങ്ങൾക്ക് പവിത്രത കൽപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ അവയ്ക്ക് തീറ്റ നൽകുന്നത് പുണ്യകർമ്മമായി കണക്കാക്കപ്പെടുന്നു.
ഒരു കാലത്ത് അടിമകളും മുക്കുവരുമായ വള്ളുവന്മാർ ആരാധിച്ചിരുന്ന ഒരു ക്ഷേത്രമായിരുന്നു ഇതെന്നു തോന്നുന്നു. മാർച്ച് മാസത്തിൽ നടത്തപ്പെടുന്ന വാർഷിക ഉത്സവത്തിന് ആയിരക്കണക്കിന് ഭക്തന്മാർ ഇവിടെ എത്താറുണ്ട്. ”

തിരുനെല്ലി ക്ഷേത്രത്തിന്റെ സംരക്ഷണാർത്ഥം സ്ഥാപിക്കപ്പെട്ടതാണെന്ന് പറയുക വഴി, തിരുനെല്ലി ക്ഷേത്രത്തിന്റെ സ്ഥാപനത്തിനു ശേഷം പിൽക്കാലത്തുണ്ടായതാണ് വള്ളിയൂർക്കാവ് എന്നൊരു സൂചന ഈ വിവരണം നൽകുന്നുണ്ട്. പക്ഷെ വള്ളുവന്മാരുമായി പറയപ്പെടുന്ന ബന്ധം യുക്തിസഹമല്ല. പ്രചാരത്തിലുള്ള ഐതീഹ്യപ്രകാരം “വള്ളിയൂര് അമ്മേ” എന്ന പ്രാർത്ഥന പ്രകാരമാണ് കാവിന് വള്ളിയൂർക്കാമെന്ന് പേരു സിദ്ധിച്ചത് എന്നതാണ് കുറച്ചു കൂടി യുക്തിസഹം.
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് തിരുനെല്ലി ക്ഷേത്ര സ്ഥാപിക്കപ്പെടുന്നത്. തുടർന്ന് പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ വയനാട്ടിൽ ആധിപത്യമുറപ്പിച്ച കോട്ടയം രാജാക്കന്മാരുടെ കാലത്താണ് വള്ളിയൂർക്കാവ് സ്ഥാപിക്കപ്പെടുന്നത് എന്ന് സാമാന്യമായി പറയാം.

വള്ളിയൂർക്കാവ് ക്ഷേത്രം ചരിത്രത്തിൽ ഇടം പിടിക്കുന്നത് ഉത്സവകാലത്തെ അടിമക്കച്ചവടവുമായി ബന്ധപ്പെട്ടാണ്. പണിയർ, അടിയാന്മാർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളെ ജന്മിമാർ ഒരു വർഷക്കാലത്തേക്ക് തങ്ങളുടെ പണിക്കാരായി വാങ്ങുന്ന ഒരു ചടങ്ങ് ഉത്സവസമയത്ത് ക്ഷേത്രത്തിൽ നടന്നിരുന്നു. കുണ്ടൽ കെട്ടൽ, വല്ലികെട്ടൽ തുടങ്ങിയ പേരുകളിലാണ് ഈ കരാർ സമ്പ്രദായം അറിയപ്പെട്ടിരുന്നത്.
അങ്ങാടികളും, വിപണികളും ഇല്ലാതിരുന്ന കാലത്ത് വയനാടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ കാർഷികോപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും വാങ്ങുവാൻ വള്ളിയൂർക്കാവുത്സവച്ചന്തയിലാണ് വന്നിരുന്നത്. വള്ളിയൂർക്കാവിലെ ഉത്സവ ചന്തയായിരുന്നു വയനാട്ടിലെ ഏറ്റവും വലിയ വിപണി. ഉത്സവത്തിൽ പങ്കുകൊള്ളാനും തുണിയും നിത്യോപയോഗ സാധനങ്ങളും വാങ്ങാനും പണിയർക്കും അടിയാന്മാർക്കും ജന്മിയുടെ സഹായം വേണമായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ജന്മി പണിയർക്കും അടിയാന്മാർക്കും നൽക്കുന്ന മുൻകൂർ വായ്പയുമായി ബന്ധപ്പെട്ടായിരിക്കണം വല്ലപ്പണിയുടെ തുടക്കം. അടുത്ത ഉത്സവം വരെ ജന്മിയുടെ കീഴിൽ പണിയെടുത്തുകൊള്ളമെന്ന വ്യവസ്ഥയിലാണ് ഈ അടിമത്തൊഴിലാളികൾ പണം കടം വാങ്ങിയിരുന്നത്. അടുത്ത ഉത്സവം വരെ തങ്ങൾ ജന്മിയുടെ കീഴിൽ വല്ലപണി എടുത്തുകൊള്ളാമെന്ന് അവർ തങ്ങളുടെ വളളിയൂരമ്മയുടെ സവിധത്തിൽ സത്യം ചെയ്യുന്നു. അമ്മയുടെ മുന്നിൽ പ്രതിജ്ഞ ചെയ്ത ആദിവാസികൾ ഈ ചട്ടം ലംഘിക്കുക അപൂർവ്വമായിരുന്നു.

കൂടാതെ പല ആദിവാസി വിഭാഗങ്ങൾക്കിടയിലും വിവാഹ നിശ്ചയങ്ങൾ നടന്നിരുന്നത് ഇതേ ഉത്സവ വേദിയിൽ വെച്ചുതന്നെയായിരുന്നു. നാടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആദിവാസി ഗോത്രവർഗ്ഗങ്ങൾ കാവുത്സവത്തിന് എത്തിച്ചേരുക പതിവാണ്. എല്ലാവരും ഒത്തുചേരുന്നത് കൊണ്ടു തന്നെ യുവാക്കൾ തങ്ങൾക്ക് യോജിച്ച വധുവിനെ ഇവിടെ നിന്നും തിരഞ്ഞെടുക്കുന്നു.

2. ഐതീഹ്യം
വള്ളിയൂർക്കാവിനെക്കുറിച്ചുള്ള ഐതീഹ്യത്തിന് പല പാഠഭേദങ്ങളുണ്ട്. വയനാട്ടിലെ ഓരോ ഗോത്ര വിഭാഗങ്ങൾക്കും അവരവരുടേതായ കഥകൾ പറയാനുണ്ടെന്നുള്ളതാണ് വസ്തുത. എങ്കിലും സമൂഹത്തിൽ കൂടുതൽ പ്രാചാരം സിദ്ധിച്ച ഐതീഹ്യം താഴെ പറയുന്നു ;

നാലു വീട്ടിലെ നമ്പ്യാന്മാർ എന്നർത്ഥമുള്ള നാൽവീട്ടിൽ നമ്പ്യാന്മാർ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വെളിച്ചപ്പാടന്മാരായിരുന്നു. ഹൈന്ദവ ഭവനങ്ങളിൽ നിന്ന് കാഴ്ചപ്പണം സ്വീകരിച്ച് അന്യ ദിക്കുകളിലേക്ക് തീർത്ഥാടനം നടത്തി കഴിയുന്ന സ്വഭാവക്കാരാണവർ. ഭഗവതിസേവയ്ക്കായി ഒരു വാളും കയ്യിലേന്തിയാണ് അവരുടെ യാത്ര. പണ്ട് കാലത്ത് അവരിൽ രണ്ടു പേർ വയനാട്ടിൽ എത്തിച്ചേർന്നു. തിരുനെല്ലിയിലെ പ്രസിദ്ധമായ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു വരവിന്റെ ഉദ്ദേശം.
മാനന്തവാടിയിൽ നിന്ന് ഒരു ദിവസം രാവിലെ അവർ തിരുനെല്ലി ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. എന്നാൽ അവർക്ക് വഴിപിഴച്ചു. കാട്ടിലൂടെയുള്ള യാത്രയിൽ വഴി തെറ്റിയെത്തിയത് ഒരു പുഴക്കരയിലാണ്. യാത്രാക്ലേശമകറ്റാൻ പറ്റിയ ആ നദീതീരത്ത് അവർ വിശ്രമിച്ചു. വാൾ പൂജിച്ച് തെല്ലകലെ പുഴക്കരയിൽ കണ്ട ഒരു മൺപുറ്റിനരികിൽ വെച്ച്, മരത്തണലിൽ തല ചായ്ച്ചു മയങ്ങി. ഉണർന്നു നോക്കിയപ്പോൾ മൺപുറ്റിനരികിൽ വാൾ കാണാനുണ്ടായിരുന്നില്ല. കുറച്ചകലെ കാലികളെ മേച്ചു നടന്നിരുന്ന ഒരു കുറിച്യ ബാലനോട് അവർ വാളിന്റെ കാര്യം ആരാഞ്ഞു. തൊട്ടരികിലെ ചെറിയ കുന്നിൽ, മരത്തിനു മുകളിൽ വളളിയിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നതു കണ്ടതായി ആ കാലിക്കാരൻ പയ്യൻ പറഞ്ഞതനുസരിച്ച് വെളിച്ചപ്പാടമാർ കുന്നുകയറി പോയി. കുറിച്യ ബാലൻ പറഞ്ഞതുപോലെത്തന്നെ വാൾ ഒരു വളളിയിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. വെളിച്ചപ്പാട്ടന്മാർ വാളിനെ കയ്യെത്തിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും അത് ഉയർന്നു പോയിക്കൊണ്ടിരുന്നു. അത്ഭുതകരമായ ആ ദ്യശ്യം കണ്ട് അമ്പരന്ന വെളിച്ചപ്പാടന്മാർ നിസ്സഹായ സ്വരത്തിൽ ‘വള്ളി ഊരമ്മാ !’ എന്ന് പ്രാർത്ഥിച്ചുവെങ്കിലും പ്രാർത്ഥന നിഷ്ഫലമായി. അവരുടെ ആവലാതി കരപ്രമാണിമാരായ എടച്ചനനായരുടെയും വേമോത്ത് നമ്പ്യാരുടെയും അരികിലുമെത്തി. നായരും നമ്പ്യാരും സംഭവസ്ഥലത്തെത്തിയപ്പോഴും വാൾ പഴയപടി വളളിയിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവർ വാളിൽ തൊടാൻ ആഞ്ഞപ്പോഴേക്കും അത് താഴെ വീണ് മണ്ണിൽ കുത്തിനിന്നു. ഇതൊരു സാധാരണ സംഗതിയല്ലെന്ന് മനസ്സിലാക്കിയ അവർ വയനാടിന്റെ ഭരണാധികാരിയായ കോട്ടയം രാജാവിന്റെ സന്നിധിയിൽ നടന്ന കാര്യങ്ങൾ ബോധിപ്പിച്ചു. വെളിച്ചപ്പാടന്മാരുടെ വാൾ തൂങ്ങിക്കിടന്ന ദിക്കിലേക്ക് രാജാവ് എഴുന്നള്ളി. ആ സമയത്ത് വെളിച്ചപ്പാടിന്റെ അരുളപ്പാടുണ്ടായി. അതിങ്ങനെയായിരുന്നു ;
” ഈ പ്രദേശത്ത് മൂന്ന് വ്യത്യസ്ഥ ദിക്കുകളിൽ കുടിയിരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വളളിയിൽ നിന്ന് ഊരിവീണ വാൾ കുത്തിനിന്ന സ്ഥലത്ത് വനദുർഗ്ഗയായും താഴെയുള്ള നീരൊഴുക്കിൽ ജല ദുർഗ്ഗയായും ഇതിന് രണ്ടിനും ഇടയിൽ ഭദ്രകാളിയായും നാലു സമുദ്രങ്ങളിലേക്കും തുറക്കുന്ന ഒരു ക്ഷേത്രവും എനിക്കു വേണം. “
ദേവിയുടെ അരുളപ്പാടിൽ പറഞ്ഞതുപോലെ നാലു സമുദ്രങ്ങളിലേക്കും തുറക്കുന്ന ക്ഷേത്രം നിർമ്മിക്കുവാനുള്ള തന്റെ അപ്രാപ്തി അറിയിച്ചപ്പോൾ ഒരു ഭേദഗതിയുണ്ടായി : മഴയും വെയിലുമേൽക്കുംവിധം മേൽക്കൂരയില്ലാത്ത തുറസ്സിലായിരിക്കണം പ്രതിഷ്ഠ എന്നതായിരുന്നു അത്. പിന്നീട് കോട്ടയം രാജാവ് പ്രതിഷ്ഠയ്ക്കുള്ള ഏർപ്പാടുകൾ ചെയ്യുകയും നിത്യപൂജയ്ക്കുള്ള ചുമതല ചേരക്കോട് നമ്പിടിയ്ക്കും എച്ചന നായർക്കും വേമോത്ത് നമ്പ്യാർക്കുമായി കൽപ്പിച്ചു നൽകുകയും ചെയ്തു.

വള്ളിയൂർക്കാവിന്റെ ഈ ഐതീഹ്യത്തിൽ പറയുന്നതുപോലെ കോട്ടയത്തെ ഇളംകൂർ രാജാവാണ് വള്ളിയൂർക്കാവിന്റെ സ്ഥാപനത്തിന് നേതൃത്വം നൽകിയതെന്നു വേണം കരുതാൻ. ദേശവാഴികളായ എടച്ചേന നായരും വേമോത്തു നമ്പ്യാരും വിവരമറിയിച്ചതിനെ തുടർന്ന് വാൾ തൂങ്ങിക്കിടന്ന ദിക്കിലെത്തിയ കോട്ടയം ഇളയരാജാവും പരിവാരങ്ങളും ആ ദിവസം അവിടെത്തന്നെയാണ് അന്തിയുറങ്ങിയത്. രാജാവിനായി പ്രത്യേകം തയ്യാറാക്കിയ പന്തലിന് ‘കൊയിലോ പന്തൽ’ എന്നാണ് വിളിച്ചത്. കോവിലകമായി സങ്കൽപ്പിക്കപ്പെട്ട ആ പന്തലിലിരുന്നാണ് രാജാവ് ചടങ്ങുകൾ വീക്ഷിച്ചത്. ചടങ്ങിൽ അന്നുതന്നെ പണിയർക്ക് ചില അവകാശങ്ങൾ നൽകിയിരുന്നു. സദ്യയ്ക്കു വേണ്ട ഇലയും പാത്രങ്ങളും വിറകും കൊണ്ടുവരാനുള്ള അവകാശമാണ് അവർക്ക് നൽകിയത്. പൈങ്ങാട്ടിരിയിലെ പട്ടർക്കായിരുന്നു സദ്യയുടെ ചുമതല. വളളിയിൽ തൂങ്ങിക്കിടന്ന ഭഗവതിയുടെ വാൾ കോട്ടയം സ്വരൂപത്തിന്റെ ഭരദേവതയായ ശ്രീ പോർക്കലിയുടെ സാന്നിദ്ധ്യമുള്ള പള്ളിയറക്കൽ ക്ഷേത്രത്തിൽ സൂക്ഷിക്കുവാനായിരുന്നു നിശ്ചയം. ഇപ്പോഴും വാൾ സൂക്ഷിക്കുന്നത് അവിടെത്തന്നെയാണ്. കാവിന്റെ നടത്തിപ്പു ഭാരം വേമോത്ത് നമ്പ്യാരെയാണ് രാജാവ് ഏൽപ്പിച്ചത്. വള്ളിയൂർക്കാവിന്റെ നടത്തിപ്പ് ചിലവുകൾക്കായി മൂവായിരം ഏക്ര ഭൂമിയും രാജാവ് കൽപ്പിച്ചു നൽകിയിരുന്നു. കാലക്രമത്തിൽ ഈ ഭൂമിയത്രയും അന്യാധീനപ്പെട്ടുപോവുകയാണുണ്ടായത്.

3. ആചാരാനുഷ്ഠാനങ്ങൾ
മേൽക്കാവിൽ നിത്യപൂജയുണ്ട്. രാവിലെ 6 മണിക്ക് നട തുറന്ന് നിർമാല്യം . അഭിഷേക ശേഷം തൃമധുരം നിവേദിച്ച് 8 മണിക്കു ശേഷം നെയ്യ്പായസം നേദിച്ച് ഉഷപൂജയും , ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വെള്ള നിവേദ്യം തേങ്ങാപായസത്തോടു കൂടി നേദിച്ച് ഉച്ചപൂജയും ശേഷം 1:30 മണിയോടെ നടയടച്ച് വെകുനേരം 5:30 ന് നട തുറന്ന് അസ്തമനം കഴിഞ്ഞ് ദീപാരാധന . 7 മണിക്കു ശേഷം വെള്ളനേദ്യത്തോട് കൂടെ അത്താഴപൂജകഴിച്ച് 8 മണിക്ക് നട അടയ്ക്കുന്നു. ( ഉത്സവകാലത്ത് ഈ സമയക്രമം ബാധകമല്ല)

താഴെ കാവിൽ ഉത്സവസമയത്ത് 14 ദിവസം മാത്രമേ പൂജയുള്ള . അതിൽ അവസാന 3 ദിവസങ്ങളിൽ മാത്രമേ ഭദ്രകാളീ സ്വരൂപത്തിലുള്ള താഴേക്കാവിലമ്മയുടെ ദർശനം സാധ്യമാവുകയുള്ളു. വർഷത്തിൽ ഉത്സവസമയത്ത് മൂന്ന് ദിവസം മാത്രം ലഭിക്കുന്ന ദേവീ ദർശനത്തെ ഒപ്പന ദർശനമെന്നാണ് പറയുന്നത്.
മീനം 1 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന ആറാട്ടുത്സവമാണ് പ്രധാന ഉത്സവം. മീനം 14ന് പത്തോളം ദേശങ്ങളിൽ നിന്നും അടിയറ വരവുകൾ അമ്മയുടെ സന്നിധിയിൽ എത്താറുണ്ട്. പതിനാല് ദിവസവും രണ്ട് നേരമുള്ള അനദാനം കേളി കേട്ടതാണ്.

മീനം 15 ന് പുലർച്ചെ 12 മണിക്ക് മേൽക്കാവിലമ്മയുടെ ആറാട്ടെഴുന്നള്ളത്ത് ഉണ്ടാവും. പിന്നീട് താഴെക്കാവിലെ മണിപ്പുറ്റിലിറങ്ങി വിശ്രമിച്ച് അവിടുത്തെ പൂജകൾ കഴിഞ്ഞ് ആറാട്ടുതറയിലേക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളുന്നു. വനനിബിഡമായ ആറാട്ടുതറയിലെ വള്ളിപ്പടർപ്പുകൾക്കിടയിലെ ശിലാപീഠത്തിലിരുന്ന് പള്ളിവേട്ട കഴിഞ്ഞ് ആറാട്ടുകടവിൽ ചെന്ന് കുളിച്ചാറാട്ടും നടത്തി അമ്മ മേൽക്കാവിലേക്കെഴുന്നള്ളുകയും ശേഷം വീണ്ടും കീഴ്ക്കാവിലേക്ക് എഴുന്നള്ളി മണിപ്പുറ്റിൽ ഇരിക്കുകയും ചെയ്യുന്നു. ശേഷം അമ്മയുടെ തിരുവായുധം പളളിയറക്കാവിലേക്ക് തിരിച്ചെഴുന്നള്ളിച്ച ശേഷം ഒപ്പന ദർശനവും നടത്തുന്നു തുടർന്ന് ‘കോലം കൊറ’ എന്ന രുധിരകോലം ( ദാരികവധം) കീഴ്ക്കാവിൽ കെട്ടിയാടാറുണ്ട്.
വള്ളിയൂർക്കാവിന്റെ സവിശേഷ ആചാരങ്ങളിൽ ഒന്നാണ് ഒപ്പനയും ഉത്രക്കോലവു

  • ഒപ്പന

ചേരങ്കോട്ട് ഇല്ലത്ത് ഒരു നമ്പിടി കുറേ കാലം ഇവിടെ പൂജ നടത്തി അദ്ദേഹത്തിന് ദേവിയുടെ രൂപം കാണണമെന്ന് ഒരാഗ്രഹം ഉണ്ടായി. 41 ദിവസം ദേവിയെ ധ്യാനിച്ച് ഭക്ഷണംപോലും ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിച്ചു. അങ്ങനെ 41-ാം ദിവസം രാത്രി അദ്ദേഹത്തിന് സ്വപ്നത്തിൽ ദേവിയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു.

ഭക്താ നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തരാം. എന്റെ ഒരു ചിറ ഇവിടെ കിഴക്ക് -തെക്ക് മൂലയിലുണ്ട്. അതിൽ ഒരു പാറയും കാണാം. നാളെ രാത്രി നീ അവിടെ വന്നാൽ എന്നെ കാണാം. ”

എന്നു പറഞ്ഞ് ദേവി വാക്കുകൾ സമാഹരിച്ചു. നമ്പി പിറ്റേ ദിവസം ദേവി പറഞ്ഞ സ്ഥലത്തെത്തുകയും ദേവിയുടെ ഭദ്രകാളീ രൂപം ദർശിക്കുകയും ചെയ്തു.

അമ്മേ അമ്മയുടെ രൂപം കണ്ട് എനിക്ക് ജന്മസാഫല്യമുണ്ടായി. ഈ രൂപം ഭക്തന്മാർക്കും കാണിച്ചു കൊടുത്താൽ അവരും ധന്യരാകുമായിരുന്നു. അമ്മ കനിഞ്ഞ് എന്റെ അപേക്ഷ സ്വീകരിക്കണം.”

എന്ന് അദ്ദേഹം ദേവിയോട് അപേക്ഷിച്ചു. ഈ സമയം ദേവി അരുളപ്പാട് ചെയ്തു .

ഭക്താ – നിന്റെ അപേക്ഷ ഞാൻ സ്വീകരിക്കുന്നു. പക്ഷെ എല്ലാ ദിവസവും അത് സാദ്ധ്യമല്ല. എന്റെ ഉത്സവത്തിനു അവസാനത്തെ നാലു ദിവസം ”ഒപ്പന ” എന്ന പേരിൽ കാണിച്ചു കൊടുക്കാം. നീ കണ്ട എന്റെ രൂപം ഞാൻ നിന്റെ അന്തർജനത്തിനു കാണിച്ചു കൊടുക്കും. നീ ആദ്യമായി ഊരാളന്മാരോട് പറഞ്ഞ് പാട്ടുപുരയിൽ ശ്രീകോവിൽ മാതൃകയിൽ ഒരു അറ ഉണ്ടാക്കണം. ഉത്സവം തുടങ്ങി മീനം 10-ാം തിയ്യതി ഉച്ചപൂജയ്ക്ക് ശേഷം ഒപ്പന അറയിൽപോയി എന്നെയും മനസ്സിൽ ധ്യാനിച്ചിരിക്കുക. അപ്പോൾ ഞാൻ നിനക്ക് ഒപ്പനകൊണ്ടുവരാൻ വേണ്ട അടയാളങ്ങൾ കാണിച്ചുതരും. ഉടനെ ഊരാളന്മാരോട് പറഞ്ഞ് ചേരങ്കോട്ട് ഇല്ലത്തു പോയി രാത്രി എന്നെ വേണ്ടവിധം പൂജിക്കുക . അപ്പോഴേക്കും അന്തർജനം നിനക്ക് എന്നെ കെട്ടിക്കാണിക്കാനുള്ള കോപ്പുകൾ തയ്യാറാക്കി തരും. ഒപ്പനകോപ്പ് കാവിൽ എത്തിയാൽ ഒപ്പനഅറയിൽ സൂക്ഷിച്ചുവെക്കുക. എനിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ ഉണ്ടാക്കാനായിട്ട് ഒഴക്കോടിയിലെ തട്ടാനെഏൽപ്പിക്കുക. തിരുവാഭരണങ്ങൾ ഓരോ കൊല്ലം ഊരാളന്മാരുടെ വീട്ടിൽ സൂക്ഷിക്കുകയും മീനം 11 ന് പ്രത്യേക സ്ഥാനത്തു നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന് എന്നെ ഏൽപ്പിക്കുകയും ചെയ്യുക. ആയത് വേണ്ടപ്രകാരം എനിക്ക് ചാർത്തി കളത്തിലരിക്ക് ശേഷം ഓച്ചാർ പാണി കൊട്ടി എന്നെ അറിയിച്ചാൽ ഞാൻ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നതായിരിക്കും . ശേഷം ഉത്സവം കഴിഞ്ഞ് മീനം 15 ന് ഒപ്പനക്കോപ്പ് തിരിച്ച് ചേരങ്കോട്ട് ഇല്ലത്ത് കൊണ്ടുപോയി ഏൽപ്പിക്കുക.”

ഇത്രയും പറഞ്ഞ് ദേവി വാക്കുകൾ നിർത്തി. വള്ളിയൂർക്കാവ് വാർഷികോത്സവത്തിന്റെ അവസാനത്തെ നാലു ദിവസമാണ് ഭക്തർക്ക് ഈ ‘ഒപ്പന ‘ ദർശിക്കുവാനുള്ള അവസരം. 41 ദിവസത്തെ കഠിന വൃതനിഷ്ടനായ മേൽശാന്തി ശരീരമാകെ വെള്ളവസ്ത്രം കൊണ്ട് മൂടി പുതച്ച് രാത്രിയിലാണ് ഒപ്പന കൊണ്ടുവരാൻ പോവുന്നത്. ഒപ്പന ദർശനം പകർച്ചവ്യാധികളിൽ നിന്നുമുള്ള മുക്തിക്ക് സഹായകമാവുമെന്നാണ് വിശ്വാസം. കീഴ്ക്കാവിൽ ഭദ്രകാളീ സാന്നിധ്യമുള്ള പാട്ടുപുരയ്ക്കകത്ത് നിർമ്മിച്ച ശ്രീകോവിൽ മാതൃകയിലുള്ള അറയിലാണ് ഒപ്പന ദർശനം. അറയുടെ വാതിൽ പൂർണമായി തുറക്കാതെ കണ്ണു ചിമ്മുന്നതു പോലെ നിമിഷങ്ങൾ ഇടവിട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്തു കൊണ്ടിരിക്കും. കണ്ണു ചിമ്മുന്ന ആ ഒരു നിമിഷ സമയം മാത്രമേ ദേവീ ദർശനം സാധ്യമാവുകയുള്ളു. കേരളത്തിലെ മറ്റൊരു ദേവീക്ഷേത്രത്തിലും ഇല്ലാത്ത ഒരു പ്രത്യേകതയാണ് ഈ ഒപ്പന ദർശനം.

  • ഉത്രക്കോലം

ഉത്സവത്തിന്റെ 14-ാം തിയ്യതി നടന്നു വരുന്ന രുധിരക്കോലത്തിന്റെ അവസാനം ദേവി ഭക്തജനങ്ങളിൽ നിന്ന് ദക്ഷിണ വാങ്ങുന്നത് അക്കൊല്ലം ഉത്സവം കാണാൻ വന്ന കോട്ടയം കോവിലകത്തെ ഒരു തമ്പുരാട്ടി കണ്ടു. അവർക്ക് ദേവി ജനങ്ങളുടെ ഇടയിൽ നിന്ന് കൈനീട്ടി ദക്ഷിണ വാങ്ങുന്നത് ഇഷ്ടമായില്ല. തന്റെ കോവിലകത്തു നിന്ന് ഇവിടുത്തെ ആവശ്യങ്ങൾക്കുള്ള സ്വത്തുവകകൾ കൊടുത്തിട്ടുള്ളതാണ്. പിന്നെന്തിനാണ് ദേവി ഇങ്ങനെ ജനങ്ങളോട് കൈ നീട്ടി ഇരക്കുന്നത് എന്ന് തമ്പുരാട്ടി ചിന്തിച്ചു. ഉടനെ തമ്പുരാട്ടിയുടെ സംസാരശേഷി നഷ്ടപ്പെടുകയും തലചുറ്റൽ മുതലായവ അനുഭവപ്പെടുകയും ചെയ്തു. ഉടനെ ദേവിയുടെ അരുളപ്പാടുണ്ടായി,

“ഞാൻ കൈയ്യും നീട്ടി യാചിക്കുന്നവളാണ്. നീ എന്റെ അടുത്ത് ഇനി വരേണ്ട.”

അപ്പോഴേക്കും തമ്പുരാട്ടിയുടെ അസുഖങ്ങൾ മാറുകയും, അവര ദേവിയുടെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് മാപ്പിരക്കുകയും ചെയ്തു.

” ഞാൻ വിചാരിച്ച തെറ്റുകൾ അമ്മ പൊറുക്കണം, എനിക്ക് മാപ്പുനൽകണം, ഞാനിതിന് പ്രായശ്ചിത്തമായി എന്റെ നാളായ വൃശ്ചികത്തിലെ ഉത്രം നക്ഷത്രത്തിന് ദേവിയുടെ കോലം കെട്ടി വേണ്ടതു പോലെ ആഘോഷിച്ചു കൊള്ളാം”

എന്ന് അപേക്ഷിച്ചു. അതിൽ പിന്നെയാണ് വൃശ്ചികമാസത്തിൽ ഉത്രക്കോലം ആഘോഷിക്കാൻ തുടങ്ങിയത് മീനത്തിലെ വാർഷിക ഉത്സവത്തിന്റെ ചുരുക്കമാണ് വൃശ്ചികത്തിലെ ഈ ഉത്രക്കോല മഹോത്സവം. മൂന്ന് ദിവസങ്ങളിലാണ് ഇത് കൊണ്ടാടാറുള്ളത്. വൃശ്ചികത്തിലെ മകം നാളിൽ മീനം സംക്രമ ദിവസം നടത്തുന്ന എല്ലാ ചടങ്ങുകളോടും കൂടി പള്ളിയറക്കൽ ക്ഷേത്രത്തിൽ നിന്നും തിരുവായുധം എഴുന്നള്ളിച്ചുകൊണ്ടു വരുന്നു. പിന്നീട് പൂരം നാളിൽ മീനം 13-ാം തിയ്യതി നടത്തുന്ന എല്ലാ ചടങ്ങുകളും നടത്തി ഉത്രം നക്ഷത്രത്തിന് മീനം 14-ാം തിയ്യതി നടത്തുന്ന ആറാട്ട് മുതലായ ചടങ്ങുകളും നടത്തുന്നു. ഉത്രക്കോലം സ്ത്രീകൾ കാണാൽ പാടില്ല എന്നാണ് ഐതീഹ്യം. ഉത്രക്കോലത്തിന് വിശേഷ സദ്യയും നൽകി വരുന്നു.


കടപ്പാട്; ഏച്ചോം ഗോപി , വള്ളിയൂർക്കാവ് ഐതീഹ്യവും ചരിത്രവും , 2018

Advertisements

ഓണം

ചരിത്രം പരിശോധിച്ചാൽ Before Common Era (BCE) 300 മുതലുള്ള സംഘകൃതികളിൽ ‘ ‘ ‘ ‘ഇന്ദ്രവിതാ ‘ എന്ന ഓണാഘോഷത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് . ഇടവമാസം പാതിക്ക് ശേഷം തുടങ്ങുന്ന വർഷകാലം കർക്കിടകത്തിൽ ശക്തി പ്രാപിക്കുന്നത് കാരണം ജനങ്ങൾ വാണിജ്യം, വ്യാപാരം, കൃഷി, മുതലായവ ചെയ്യാൻ സാധിക്കാതെ വീട്ടിൽ ഒതുങ്ങിക്കൂടാറാണ് പതിവ് . വർഷകാലശേഷം വാണിജ്യ-വ്യാപാരങ്ങൾ ആരംഭിക്കുന്ന നിറഞ്ഞ വിപണികളുടെ ഒരു ഉത്സവമായിരുന്നു ഓണം .
പിന്നീട് ഒരു പക്ഷെ കേരളത്തിലേക്കുള്ള ബ്രാഹ്മണാധിനിവേശത്തിന് ശേഷമാവണം ഇന്നു കാണുന്ന ഓണവും ഇന്നു കേൾക്കുന്ന ഓണക്കഥകളും ആവിർഭവിച്ചിട്ടുണ്ടാവുക .

ആര്യ- ദ്രാവിഡ സംഘട്ടനത്തിന്റെ , ദ്രാവിഡാധിപത്യത്തിൽ നിന്നും ആര്യാധിപത്യത്തിലേക്കുള്ള അധികാര വടംവലിയുടെ , രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഇഴകിച്ചേരലിന്റെയെല്ലാം നിറപകിട്ടാർന്ന രൂപം ഓണകഥകളിൽ നിറഞ്ഞു നിൽക്കുന്നതായി കാണാം . ദേവനായ വാമനൻ ആര്യത്വത്തെ പ്രതിനിധാനം ചെയ്യുമ്പോൾ അസുര രാജാവായ മഹാബലി ദ്രാവിഡാധിപത്യമുണ്ടായിരുന്ന ഒരു ഭൂതകാലത്തിന്റെ പ്രതിനിധിയായിത്തീരുന്നു .

മൂന്നടി കൊണ്ട് മൂന്നു ലോകവും ദ്രാവിഡ ഭൂമിയും സ്വന്തമാക്കിയ ആര്യ കൗശലത്തിന്റെ വിജയാഘോഷം കൂടിയാവാം ഒരു പക്ഷെ ഓണം . ഓണാഘോഷത്തിൽ നിന്നും വാമന ജയത്തിയിലേക്കുള്ള പരിവർത്തനങ്ങൾ ഒരിക്കൽക്കൂടി ഈ ഒരാശയത്തെ അടിയുറപ്പിക്കുന്നു . എന്തു തന്നെ ആയാലും ഓണം അത് മലയാളിത്തനിമയുടെ , വൈവിധ്യമാർന്ന കേരള സംസ്കാരത്തിന്റെ ഉത്സവമാണ് .

വിറ്റുണ്ണാൻ കാണം പോലുമില്ലാത്ത മലയാളികൾക്കിടയിലേക്ക് ഒരു തിരുവോണം കൂടി . പൂവില്ല , പൂക്കളമില്ല , ഉടുക്കാൻ കോടി മുണ്ടില്ല , ഉച്ചക്ക് സദ്യയില്ല . എല്ലാം ഉണ്ടായിരുന്ന മലയാളിക്ക് ഓണം സമ്പന്നതയുടെ ആഘോഷമാണ് . ഇന്ന് എല്ലാം പ്രളയം കവർന്നെടുത്ത മലയാളിക്ക് ഇത് ഇല്ലായ്മയുടെ ആഘോഷമാവുന്നു .

ഓണം , തിരുവോണം …
ഇങ്ങനെയുമാവാം ഓണം . സമ്പന്നമായിരുന്ന ഒരു ഭൂതകാലത്തിന്റെ സ്മരണ പുതുക്കൽ. മലയാളി വീണ്ടെടുക്കും , ഒരു പാട് നല്ല നേരുകൾ കൂട്ടിയിണക്കി നല്ല കേരളത്തെ അവർ പുനർനിർമ്മിക്കും.

കഴിഞ്ഞ വർഷം ഇന്നേ ദിവസമായിരുന്നു അത്തം . ഈ വർഷം 10 ദിവസങ്ങൾ നേരത്തേ കടന്നു പോയി
എല്ലാ മലയാളികൾക്കും
നന്മ നിറഞ്ഞ തിരുവോണാശംസകൾ .

by
Vishnu Dathan

ഞെട്ടറ്റ പൂവ്

നിങ്ങൾ സദാ അനശ്വരമെന്ന് പെരുമ്പറയടിക്കുന്ന പലതും എന്നെ സംബന്ധിച്ചിടത്തോളം വെറും സങ്കല്പങ്ങളിൽ മാത്രം വിരാജിക്കുന്ന അയഥാർത്ഥ്യമായ എന്തോ ഒന്നാണ് .
യാഥാർത്ഥ്യം ഇതെന്നിരിക്കെ അവർ കളവു പറയുകയാണ് നശ്വരമായ മനുഷ്യ മസ്തിഷ്ക്കത്തെക്കുറിച്ച് .
കാലം കാട്ടുതീ പോലെ പടരുമ്പോൾ കാലാതീതമെന്ന് നിങ്ങൾ കരുതുന്ന പലതും കാല്കീഴിലെ മണൽത്തരി പോൽ തെറിച്ചു പോവുമെന്നിരിക്കെ എന്തിനെക്കുറിച്ചാണിത്ര വേവലാതി..?

കാലങ്ങളിത്രയും സ്വർത്ഥമായി നീ പ്രണയിച്ച അവളുടെ കാമുകനേക്കുറിച്ചോർത്തോ..?

വീണ്ടും ഈ ലോകം ആണിനും പെണ്ണിനും മാത്രം സ്വന്തമാണെന്ന് വരുമ്പോൾ , തികഞ്ഞ അപകർഷത എന്നെ മുടി പൊതിയുന്നു .

അന്ധത കണ്ണിനെന്നപോൽ മനസ്സിനും ബാധിക്കുന്നു.
ഒറ്റക്ക് താണ്ടിയ വഴികളെക്കുറിച്ചോർക്കുമ്പോൾ ഞാനെന്നേ തളർന്നു വീഴേണ്ടതാണെന്നിരിക്കിലും എന്നെ താങ്ങി നിർത്തിയ പ്രതീക്ഷയും നടന്നകന്നെന്നറിയുമ്പോൾ കാലുകൾക്ക് തളർച്ച, ഒരടി പോലും വയ്യെന്ന നിലയിൽ അവ കുഴഞ്ഞു പോവുന്നു .
എന്തിനാണ് ഞാനെന്ന ചോദ്യം ഉള്ളിൽ ഉമിത്തീ പോലെ എരിയുമ്പോൾ വണ്ടെത്താത്ത പൂ പോൽ കൊഴിഞ്ഞു വീഴാൻ തയ്യാറാവുകയാണ് വിഷ്ണു .
കായും കായ്ക്കാലവുമില്ല ,
ബീജവും ബീജാങ്കുരങ്ങളുമില്ല,
വരുന്ന വേനലിനെ താങ്ങാവുന്ന ദലങ്ങളുമില്ലാത്ത ദുർഗന്ധം വമിപ്പിക്കുന്ന ഞാനെന്ന പുഷ്പം ഞെട്ടറ്റ് നിലംപതിക്കുകയാണ് .

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

29-10-2018 തിങ്കളാഴ്ച രാവിലെ ഉറക്കമുണർന്ന് തലേ ദിവസം നിശ്ചയിച്ച കണക്കേ കുളിച്ചൊരുങ്ങി തിരുമാന്ധാംകുന്നിലമ്മയുടെ ദർശനത്തിനായി പുറപ്പെട്ടു . രാമനാട്ടുകരയിൽ നിന്നും 7:30 am ന് പാലക്കാട് ബസ്സു കയറി അങ്ങാടിപ്പുറത്തേക്ക് ടിക്കറ്റെടുത്തു . ഒന്നര മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം കൃത്യം 9:00 am നു തന്നെ അങ്ങാടിപ്പുറത്തെത്തുകയും ക്ഷേത്രത്തിൽ ചെന്ന് ദർശനം നടത്തുകയും ചെയ്തു .

തിരുമാന്ധാംകുന്ന് പെരുന്തൽമണ്ണയിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയാണ്; അങ്ങാടിപ്പുറത്ത് . അവിടം പണ്ട് വെള്ളാട്ടിരി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. വള്ളുവനഗരം എന്നാണ് പഴയ പേര്. ധാരാളം നെല്ലുവിളയുന്ന ഐശ്വര്യ പൂർണമായ നാട് . കുലശേഖര രാജാക്കന്മാർക്കു ശേഷം സാമൂതിരി തിരുനാവായ പിടിച്ചടക്കുന്നതുവരെ മാമാങ്കമഹോത്സവത്തിന്റെ അധ്യക്ഷസ്ഥാനം വെള്ളാട്ടിരിക്കായിരുന്നു . വെള്ളാട്ടിരിതമ്പുരാക്കന്മാരുടെ പരദേവതയാണ് തിരുമാന്ധാംകുന്നിൽ ഭഗവതി . സാക്ഷാൽ പരാശക്തിയുടെ ഭദ്രകാളീ രൂപമാണ് തിരുമാന്ധാംകുന്നിലെ പ്രതിഷ്ഠ.

ഒരു വിശ്വാസിയും ദേവീ ഭക്തനുമെന്ന നിലയ്ക്ക് വിശ്വാസ സംഹിതകളും ഐതീഹ്യങ്ങളും ആദ്യമായിത്തന്നെ പരിശോധിച്ചു;

പുരാണങ്ങളിൽ പരതി നടന്നാൽ ക്ഷേത്രം യുഗങ്ങൾക്ക് അപ്പുറം ആവിർഭവിച്ചതാണെന്ന് കരുതേണ്ടി വരും . ക്ഷേത്രോത്ഭവത്തെക്കുറിച്ച് പഴമക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഐതീഹ്യകഥ ഇങ്ങനെയാണ്;

മാന്ധാതാവാണ് തിരുമാന്ധാം കുന്നിൽ ഭഗവതിയെ പ്രതിഷ്ഠിച്ചത് . മാന്ധാതാവിന്റെ പിറവി മഹാഭാരതത്തിൽ ഇങ്ങനെ പറയുന്നു;

ഇക്ഷ്വാകുവംശത്തിൽപ്പെട്ട പ്രസിദ്ധനായ ഒരു രാജാവാണ് അദ്ദേഹം. സന്താനങ്ങളില്ലാതെ ദു:ഖിച്ച് ഉപവാസം മുതലായ കഠിനവ്രതങ്ങളെടുത്ത് വിഷമിച്ച് ഒരു ദിവസം മാന്ധാതാവിന്റെ പിതാവ് യുവനാശ്വൻ ഭൃഗുമഹർഷിയുടെ ആശ്രമത്തിൽ ചെന്നു കയറി. ഭൃഗുമഹർഷി തന്റെ പുത്രന് പുത്രസൗഭാഗ്യമുണ്ടാകാൻ ദിവ്യമന്ത്രങ്ങൾ ജപിച്ച് കലശത്തിൽ സൂക്ഷിച്ചിരുന്ന ജലം രാജാവ് എടുത്ത് കുടിച്ചു. വിവരമറിഞ്ഞ് ഭൃഗു ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. വിധിയെ തടുക്കാൻ ആർക്കും കഴിഞ്ഞില്ല . രാജാവ് ഗർഭം ധരിക്കുകയും വയറു പിളർന്ന് ആൺകുഞ്ഞ് പുറത്തു വരികയും ചെയ്തു . മുലപ്പാലിനായി കുഞ്ഞ് കരഞ്ഞു . ദേവേന്ദ്രൻ അവന് തന്റെ ചൂണ്ടാണിവിരൽ വായിൽ വെച്ചു കൊടുത്ത് ‘ മാം ധാസ്യതി ‘ (എന്നെ കുടിക്കുക) എന്ന് പറഞ്ഞു . അങ്ങനെയവന് മാന്ധാതാവ് എന്ന് പേരുണ്ടായി എന്ന് മഹാഭാരതകഥ .

മാന്ധാതാവ് വളർന്നു വലുതായി . അവൻ ശിവനെ തപസ്സു ചെയ്തു . ഭഗവാൻ പ്രീതിപ്പെട്ട് പ്രത്യക്ഷപ്പെട്ടു. മുക്തി ലഭിക്കാനുള്ള മാർഗമാരാഞ്ഞപ്പോൾ ശിവൻ അവന് ഒരു വിഗ്രഹം നൽകി പൂജിക്കാൻ പറഞ്ഞത് അപ്രത്യക്ഷനായി. വിഗ്രഹം തിരുമാന്ധാം കുന്നിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു . വീണ്ടും ശിവനെ പൂജിക്കാനാരംഭിച്ചു .

ശിവൻ നൽകിയ വിഗ്രഹം പാർവ്വതി പൂജിച്ചിരുന്ന ശിവലിംഗമായിരുന്നു. വിവരമറിഞ്ഞപ്പോൾ പാർവ്വതി കുപിതയായിത്തീർന്നു. പുത്രിയായ ഭദ്രകാളിയെ വിളിച്ച് ശിവലിംഗം അന്വേഷിച്ച് കൊണ്ടുവരാൻ ആജ്ഞാപിച്ചു . ഭർത്താവ് നൽകിയതു തിരിച്ചു ചോദിക്കുന്നത് ശരിയല്ലാത്തതു കൊണ്ട് പിടിച്ചെടുക്കാൻ തന്നെതീരുമാനിച്ചു. ഭദ്രകാളിയും ഭൂതഗണങ്ങളും ഒരു ഭാഗത്തും മാന്ധാതാവും ഇക്ഷ്വാകു സൈന്യവും മറുവശത്തും അണിനിരന്ന് യുദ്ധം ചെയ്തു . ആട്ടമരത്തിന്റെ കായ്കൾ ദിവ്യായുധങ്ങളായി രൂപപ്പെടുത്തിക്കൊണ്ടായിരുന്നു ആ യുദ്ധം . യുദ്ധത്തിന്റെ സ്മരണ നിലനിർത്തുന്ന ഒരു ചടങ്ങ് തുലാമാസത്തിൽ ക്ഷേത്രത്തിൽ നടന്നുവരാറുണ്ട് . #ആട്ടങ്ങയേറ് എന്നാണ് അത് അറിയപ്പെടുന്നത് .
ഭദ്രകാളി മാന്ധാതാവിന്റെ കൈയിൽ നിന്ന് ശിവലിംഗം പിടിച്ചു വാങ്ങാൻ ശ്രമിക്കവേ അത് രണ്ടായി പിളർന്നു . ഉടനെ ശിവനും പാർവ്വതിയും പ്രത്യക്ഷപ്പെടുകയും രണ്ടുപേരെയും അനുഗ്രഹിക്കുകയും ചെയ്തു. ശ്രീമൂലസ്ഥാനത്തെ വിഗ്രഹത്തിന് പൊട്ടൽ സംഭവിച്ചത് അങ്ങനെയാണെന്ന് വിശ്വസിക്കുന്നു .
അനന്തരം ഭദ്രകാളിയുടെ സാന്നിധ്യം മനസ്സിലാക്കി മാന്ധാതാവ് വടക്കോട്ട് തിരിച്ച് ശ്രീമൂലസ്ഥാനത്തിനടുത്ത് ഭദ്രകാളിയേയും പ്രതിഷ്ഠിച്ചു. ആ ദേവിയാണ് തിരുമാന്ധാം കുന്നിൽ ഭഗവതി. ഭദ്രകാളിക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം.

ഇനി ചരിത്രവിദ്യാർ എന്ന നിലയ്ക്ക് വ്യക്തമോ അവ്യക്തങ്ങളോ ആയ ചരിത്ര പരാമർശങ്ങൾ കൂടി അറിയേണ്ടത് ആവശ്യമായി തോന്നി;

പതിനൊന്നാം ശതകം മുതൽ നാടുവാഴികളുടേയും ബ്രാഹ്മണരുടേയും അധികാരശക്തി സാമുഹിക ജീവിതത്തിൽ തെളിഞ്ഞു കാണാമായിരുന്നു. കുലശേഖരരാജാക്കന്മാർക്കു ശേഷം കേരളം പതിനെട്ടു നാടുകളായി വിഭജിക്കപ്പെട്ടു. ഈ നാടുകൾ സ്വരൂപങ്ങൾ എന്നറിയപ്പെട്ടു. നാടുവാഴി കാലത്തെ ആറങ്ങോട്ടു സ്വരൂപമെന്ന വള്ളുവനാട് അതിലൊന്നുമാത്രമാണ്. തിരുമാന്ധാംകുന്ന് അഥവാ അങ്ങാടിപ്പുറമായിരുന്നു വള്ളുവനാട്ടിന്റെ ആദ്യ തലസ്ഥാനം. 13-ആം നൂറ്റാണ്ടിൽ സാമൂതിരി തിരുനാവായ പിടിച്ചെടുക്കുന്നതു വരെ മാമാങ്കത്തിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച് വെള്ളാട്ടിരിയും പരമാധികാരം പുലർത്തിയിരുന്നു.

ദ്രാവിഡരായ ഗിരിവർഗ്ഗക്കാരുടെ ആവാസസ്ഥാനത്തോട് അനുബന്ധിച്ചുള്ള ശക്തി ദേവീസങ്കല്പത്തെ ബ്രാഹ്മണീകരിച്ച് ഭഗവതിയുടെ പരിവേഷം അണിയിച്ച് വെള്ളാട്ടിരി രാജാക്കന്മാർ തങ്ങളുടെ പരദേവതയായി സ്വീകരിച്ചു. അവർണ്ണ ജനതയുടെ സ്വീകാര്യതയ്ക്ക് വേണ്ടിയുള്ള ഒരു ഭരണകൗശലം തന്നെയായിരിക്കാം അതിനു പിന്നിലെ രസതന്ത്രമെന്നത് സംശയമില്ലാതെ പറയാം. ആര്യനൈസേഷന്റെ ഒരു പ്രതീകം കൂടിയാണ് തിരുമാന്ധാം കുന്നിൽ ഭഗവതി ക്ഷേത്രം.
അങ്ങനെ അവർണ്ണ- സവർണ്ണ ഭേദമില്ലാതെ എല്ലാവരുടെയും സ്വീകാര്യതയോടും കൂടി വെള്ളാട്ടിരി നാടുവാണു. ഇന്നും പതിനൊന്നാം പൂര ദിവസം ക്ഷേത്രത്തിൽ നടക്കുന്ന പാണന്റെ തണ്ടിലേറ്റി വരവെന്ന ചടങ്ങ് ആ പഴയ ആര്യ-ദ്രാവിഡ ബന്ധത്തെ തെളിയിക്കുന്നു .

ഇനി ആചാര ഉപചാരങ്ങളെക്കുറിച്ച് പറയാം;

ക്ഷേത്രത്തിലെത്തുന്നവർ ആദ്യമായി ആദരിച്ചു വന്ദിക്കുന്നത് ശ്രീ മൂലസ്ഥാനത്തെയാണ്. ശിവശക്തി സാമീപ്യം ശ്രീമൂലസ്ഥാനത്തിലാണ്. തെക്കുഭാഗത്ത് കിഴക്കോട്ടു ദർശനമായാണ് ശ്രീമൂലസ്ഥാനം. ശേഷം വടക്കേ നടവഴി ചുറ്റവലത്തിനുള്ളിൽ പ്രവേശിക്കാം. വടക്കു ദർശനമായി കുടികൊള്ളുന്നതിനാൽ വടക്കേ നടയ്ക്കാണ് പ്രാധാന്യം. ഭദ്രകാളിയുടെ ശ്രീകോവിൽ അത്ര വലുതല്ല . ചുറ്റമ്പലത്തിനകത്തു തന്നെ ഭഗവതിയുടെ ശ്രീകോവിലിനോട് ചേർന്ന് കിഴക്കു ദർശനമായ ശ്രീകോവിലിൽ ശിവലിംഗ പ്രതിഷ്ഠയുണ്ട്. കിഴക്കും വടക്കും വലിയ ബലിക്കല്ലും കൊടിമരങ്ങളുമുണ്ട് . ചുറ്റമ്പലത്തിന് പുറത്ത് തെക്കുഭാഗത്തായി അതായത് ശ്രീ മൂലസ്ഥാനത്തിന് വടക്ക് വശത്ത് മാന്ധാതാവ് തപസ്സു ചെയ്ത പുണ്യഭൂമി കാണാം അവിടെ മാന്ധാതാവിന്റെ പ്രതിഷ്ഠയും കാണാവുന്നതാണ്.
ശ്രീ മൂലസ്ഥാനത്തിന്റെ പടിഞ്ഞാറേ നട അടച്ചിട്ടിരിക്കയാണ് പതിവ്. അത് വെള്ളാട്ടിരി രാജകുടുംബാംഗങ്ങൾ ദർശനത്തിനെത്തുമ്പോൾ മാത്രമേ തുറക്കാറുള്ളു .

വടക്കേ നടയ്ക്കാണ് പ്രാധാന്യമെന്ന് പറഞ്ഞുവല്ലോ, ഓടുകൊണ്ടുള്ള ധ്വജം ഭഗവതിയുടെ മഹത്വവും വെള്ളാട്ടിരിമാരുടെ പ്രൗഢിയും വെളിവാക്കുന്നു. നേരെ നടയിൽ പഞ്ചലോഹത്തിൽ തീർത്ത ദേവീബിംബമുണ്ട്.
മുഖ്യവിഗ്രഹം ദാരുമയി ആയതിനാൽ അഭിഷേകങ്ങളും മറ്റും ഈ അർച്ചനാ ബിംബത്തിലാണ് നടത്തിവരാറ്. ഭദ്രകാളിയുടെ അതേ ശ്രീകോവിലിൽ തന്നെ ദേവിയുടെ പിന്നിൽ ശത്രുസംഹാരത്തിന് കൂടെ അനുഗമിച്ച സപ്തമാതാക്കളുടെ പ്രതിഷ്ഠയുണ്ട്. അവിടെയും പ്രത്യേകം പൂജയുണ്ട്.

ദാരുവിഗ്രഹത്തിന് ഒരാൾ വലുപ്പമുണ്ട്. കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും വലിയ വിഗ്രഹമാണ് തിരുമാന്ധാംകുന്നിലമ്മയുടേത്. വിഗ്രഹത്തിന് നല്ല കറുപ്പാണ്. വർഷത്തിലൊരിക്കൽ നടന്നുവരുന്ന ചാന്താട്ടം (തേക്കിൻ കറകൊണ്ടുള്ള അഭിഷേകം)
കൊണ്ടാണ് വിഗ്രഹത്തിന് ഈ കറുപ്പു നിറം.

ദേവി പീഠത്തിൽ ഇരിക്കുന്ന ഭാവത്തിലാണ് അമരുന്നത്. വേതാളമില്ല. ഇടതുകാൽ മടക്കി വലതുകാൽ തൂക്കിയിട്ടിരിക്കുന്നു. അഷ്ടബാഹുക്കളും ദിവ്യായുധങ്ങളുമുണ്ട്. ചുവന്ന പട്ടുടുത്ത് കിടീരവും കനകാഭരണങ്ങളും അണിഞ്ഞ് ദുഷ്ടന്മാർക്ക് ഘോരരൂപിണിയായും ഭക്തന്മാർക്ക് ഭക്തവത്സലയായും #ശ്രീമാന്ധാശൈലേശ്വരി വിരാജിക്കുന്നു.

പാട്ടും പൂരവുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വൃശ്ചികം ഒന്നു മുതൽ കളമെഴുത്തും പാട്ടും തുടങ്ങും. അത് മീനത്തിലേഅവസാനിക്കൂ. അവസാനത്തെ പതിനൊന്ന് ദിവസമാണ് പൂരം. മധ്യമലബാറിലെ പ്രസിദ്ധമായ ഒരു ഉത്സവമാണ് തിരുമാന്ധാംകുന്നിലെ പൂരം.

🌺ഇക്കണ്ട ഭുവനം കാത്തെഴും നാഥേ
ചൊൽക്കൊണ്ട തിരുമാന്ധാംകുന്നിലമ്മേ🌺 തൊഴുന്നേൻ ..🙏

എന്റെ പ്രണയം

ഞാൻ ആരെയും കണ്ടില്ല,
എന്റെ തീവ്രമായ സ്നേഹത്തെ,
തീവ്രമായ സൗഹൃദത്തെ,
തീവ്രമായ പ്രണയത്തെ,
തീവ്രമായ കാമത്തെ,
ഒന്നിനെയും ഉൾക്കൊള്ളാൻ ശേഷിയുള്ള
ആരെയും ഞാൻ കണ്ടില്ല .

ഈ ലോകത്തെതന്നെ ഭസ്മമാക്കാനുള്ള
ഊർജ്ജമുണ്ട് എന്നിൽ .
ഒരിക്കലത് നിയന്ത്രണാതീതമാവും,
എന്നിൽ നിന്ന് ബഹിർഗമിക്കും.
സകല കപടതകളെയും ദഹിപ്പിച്ചു കൊണ്ട്
ഒരു അഗ്നിപർവ്വതത്തിലെ ലാവയെന്നകണക്കെ അത് ഒഴുകി പരക്കും
ഭയം ഒരു കരിം പുകയായ് ഉയരുന്നത് കണ്ട് എനിക്ക് അട്ടഹസിക്കണം
ഉച്ചത്തിൽ ..
കുറേ കൂടി ഉച്ചത്തിൽ..

SURVIVAL

ഇരുട്ടുമുറിയിൽ എന്നെ തളച്ചിടുന്ന,
ഹേ മൂഢ ബുദ്ധേ !
ഞാൻ സ്വയം പ്രകാശിക്കുന്നവനാണ് …

ശിരസ്സിൽ മുൾക്കിരീടം ആഴ്ന്നിറങ്ങുമ്പോഴും
ഞാൻ പുഞ്ചിരിക്കും,
എന്റെ ഒരു തുള്ളി കണ്ണുനീരിനു പോലും
നിങ്ങൾക്കർഹതയില്ല എന്നതുകൊണ്ട് ..

കാരമുള്ളു പതിച്ച ചാട്ടവാറുകൊണ്ട്
നിങ്ങളെന്റെ ദേഹമാസകലം ആഞ്ഞഅടിച്ചുകൊൾക
രക്തം വാർന്നൊഴുകിയേക്കാം,
പക്ഷെ എനിക്ക് വേദനിക്കില്ല ….

അടച്ചിട്ട കഴുകക്കൂട്ടങ്ങളെ തുറന്നിടൂ,
അവയെന്റെ കുടൽമാല
കൊത്തി പുറത്തിടട്ടെ …

വരണ്ട ഭൂമിയിൽ വിശന്നാർക്കുന്ന
കഴുതപുലിക്കൂട്ടങ്ങളെ കൊണ്ടുവരൂ,
അവയെന്റെ ചലനമറ്റ കരങ്ങളെ
കടിച്ചു വലിക്കട്ടെ…

നിങ്ങളെന്നെ തലകീഴായി കുരിശിൽ
തറച്ചിട്ടുകൊൾക,
കുന്തമുനകളാൽ ഹൃദയം
പിളർന്നെടുത്തു കൊൾക …

പക്ഷെ നിങ്ങൾക്കെന്റെ ജീവനെ
അപഹരിക്കാനേ സാധിക്കുന്നില്ല
എന്നതോർക്കുമ്പോൾ
പുഞ്ചിരി അട്ടഹാസങ്ങളാവുകയാണ് .

…………………………………………………………………………………………………….

Vishnu Dathan

മഹേശ്വരൻ

മുറ്റത്തേക്കിറങ്ങിയാൽ ഉമ്മത്തിൻ പൂവിന്റെ നനുത്ത ഗന്ധമാണ് . തൊടിയിലാകെ വിരിഞ്ഞു നിറഞ്ഞിരിക്കുന്ന അവയുടെ ഗന്ധം, വസന്ത മഞ്ഞിൽ കുതിർന്ന് അന്തരീക്ഷത്തിലാകെ നിറഞ്ഞുനിൽക്കുന്നു . മേഘപടലങ്ങൾ നന്നേ നീങ്ങിയിരിക്കുന്ന തെളിഞ്ഞ മാനത്ത് മിന്നിത്തിളങ്ങുന്ന താരാഗണങ്ങൾ . അവയൊക്കെയും എന്തോ മൊഴിയുവാനുണ്ടെന്ന മട്ടിൽ എന്നെ നോക്കി കണ്ണു ചിമ്മുകയാണ് . ഒരു പക്ഷെ മാനത്തിരുന്നുകൊണ്ടവർ എന്റെ ദേവനെ ദർശിക്കുന്നുണ്ടാവണം .

അല്ലയോ മഹേശ്വരാ അവിടുത്തോടെനിക്ക് ഭക്തിയല്ല ദേവാ, തീർച്ചയായും അത് പ്രണയം തന്നെയാകുന്നു . അങ്ങയുടെ ശരീരമാസകലം ലേപനം ചെയ്തിരിക്കുന്ന വിഭൂതിയുടെ ഗന്ധമേറ്റിരിക്കാൻ ജന്മങ്ങളായി എന്റെയീ തപസ്സ് . അവിടുത്തെ മേലാകെ അണിഞ്ഞിരിക്കുന്ന രുദ്രാക്ഷത്തിന്റെ പാടേറ്റുവാങ്ങാൻ, നഗ്നമായ എന്റെയീ ശരീരവും മനസ്സും കാത്തിരിക്കുകയാണെന്നത് അവിടുന്ന് അറിയുന്നതേയില്ലല്ലോ .

നോക്കൂ ദേവാ; ചുറ്റും സ്മശാനമാണ് , വെന്തുകൊണ്ടിരിക്കുന്ന ശവശരീരങ്ങളുടെ ഗന്ധം എന്നെ മതിപ്പിടിപ്പിക്കുന്നു , ഈ കാലവുമായി രമിക്കാൻ .

അങ്ങ് , അങ്ങെവിടെയാണ് ..?