മഴ

വീണ്ടും …
ആ മരത്തിൽ നിന്നും ഇലകൾ കൊഴിയുകയായിരുന്നു .
പക്ഷെ …
വീണ്ടുമൊരു തളിരില കൂടി കിളിർക്കുന്നില്ലാ-
യെങ്കിൽ..
ഇനി മുള പൊട്ടില്ലത്രേ,
ഒരു പുൽനാമ്പു പോലും കിളിർക്കയില്ല .
ഒരു മഴയ്ക്ക് പെയ്യാം
പക്ഷെ ഇല്ല .
കാറ്റാഞ്ഞടിക്കണം, കാർമേഘങ്ങളിരുണ്ട് കൂടണം എങ്ങും ഇരുട്ടാൽ നിറയണം
മിന്നൽ പിണരുകൾ താണ്ഡവമാടണം ഒപ്പം
കാതടക്കുമാറിടിയൊച്ചയും …
എന്നിട്ടും
മഴ പെയ്യുന്നില്ല എങ്കിൽ
അസ്തമിച്ചു ആ വിത്തിന്റെ മോഹങ്ങൾ .
മഴ കാത്തു കിടക്കുന്ന
പാഴ് ഭൂമിക്കുള്ളിലിരുന്ന് സ്വപ്നം കണ്ടിട്ടെ –
ന്തുകാര്യം വിത്തേ
മഴയിനി പെയ്യില്ലയത്രേ …
പെയ്യുമോ ..?
ഒരിക്കൽക്കൂടി പെയ്തിരുന്നെങ്കിൽ
ഒരേ ഒരു തവണ
മഴ പെയ്യണം ശക്തമായി
തളം കെട്ടി നിൽക്കണം ആ പാഴ്ഭൂമി തന്നിൽ
ഓരോ മഴത്തുള്ളിയും
ഭൂമി നനയണം
മഴ തോരണം
ഒപ്പം മാനവും തെളിയണം .
മറഞ്ഞിരുന്നാ സൂര്യരശ്മികൾ മറനീക്കി
പുറത്തുവരണം, അവ ഭൂമിയിൽ പതിക്കണം
ഇനി പുൽനാമ്പുകൾക്ക് കിളിർക്കാം
ഒപ്പം
മഴകാത്ത വിത്തുകളുടെ സ്വപ്നങ്ങൾക്കും .
മഴയേ നിനക്കു സ്വസ്ഥി ..
മഴയുടെ നാഥാ നിനക്കും .


Vishnu Dathan

സ്നേഹം

തീർത്തും ഏകാന്തമായ ഈ ഇരുട്ടിന്റെ തടവറയിൽ നിന്നും എന്നെ മോചിപ്പിക്കാൻ പ്രകാശത്തിന്റെ രാജകുമാരൻ വരുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കയാണ് …

അല്ലയോ കുമാരീ, കുതിരക്കുളമ്പടി ശബ്ദം കേൾക്കുന്നില്ലയോ ? നിന്റെ രാജകുമാരൻ ഏഴ് കുതിരകൾ വലിക്കുന്ന സുവർണ തേരിൽ ഇതാ വരുന്നു . അവന്റെ ആയുധം വെട്ടിത്തിളങ്ങുന്നു . അവന്റെ കണ്ണുകൾ കാമാഗ്നിയിൽ ജ്വലിക്കുന്നു . ..

അല്ലയോ ഏഴു കുതിരകൾ വലിക്കുന്ന സുവർണ തേരിൽ വരുന്ന കുമാരാ പഞ്ചേന്ദ്രിയങ്ങളാവുന്ന അഞ്ച് കുതിരകളെ നിയന്ത്രിക്കുന്ന രഥത്തിൽ ആഗതനാവുന്ന ഒരുവനെ മാത്രമേ ഞാൻ സ്വീകരിക്കുകയുള്ളു ..

പഞ്ചേന്ദ്രിയങ്ങളാകുന്ന അഞ്ചു കുതിരകളെ നിയന്ത്രിക്കുന്ന രഥത്തിൽ വരുന്നവൻ ഭോഷനും സ്നേഹ ശൂന്യനും ആകണമെന്നോ കുമാരീ നിങ്ങൾ പറയുന്നത് .?
സപ്തകുതിരകളാൽ ആഗതനാകുന്നവൻ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവനും വിവേകിയും സ്നേഹസമ്പന്നനുമത്രേ. അതുകൊണ്ടത്രേ അവൻ ഏഴുകുതിരകളുമായി വരുന്നത് .

അങ്ങനെയെങ്കിൽ അവന്റെ വിവേകം എത്രകണ്ട് സമ്പന്നവും മഹത്തരവുമാണ് ..?

അല്ലയോ കുമാരി, അറിവുകൾ ഒരിക്കലും പൂർണ്ണമാവില്ലല്ലോ. വിവേകിയുടെ മനസ്സ് ഫലഭൂയിഷ്ടമായ ഉഴുതുമറിച്ച വയലിന് തുല്യമത്രെ .

എങ്കിൽ അവന്റെ സ്നേഹത്തിന് എത്രത്തോളം വലിപ്പമുള്ള സംഭരണിയാണുള്ളത് ..?

സ്നേഹത്തിന്റെ വലിപ്പമളക്കുന്നവൻ മൂഢനത്രേ. സംഭരിക്കപ്പെട്ട സ്നേഹമല്ല, ഒരു നീർച്ചാൽ പോലെ ഇരു കരങ്ങളെയും നനച്ചു കൊണ്ട് ഒഴുകുന്ന സ്നേഹമാണ് യഥാർത്ഥമെന്നറിക കുമാരീ ..

എങ്കിൽ സൂര്യന്റെ ഉഗ്രതാപത്താൽ ആ നീർച്ചാൽ വറ്റിവരണ്ടാൽ എന്തുചെയ്യും ..?

കേട്ടാലും കുമാരി,
ഓരോ നീർച്ചാലുകളും സമുദ്രത്തെ ലക്ഷ്യം വെച്ചത്രേ നീങ്ങുന്നത്. സ്നേഹത്തിന്റെ നീർച്ചാൽ എത്തിച്ചേരുന്ന കടൽ സൂര്യതാപത്താൽ വറ്റുമെന്നോ …?
മനസ്സ് ചഞ്ചലവും സ്നേഹം അസ്ഥിരവുമെങ്കിൽ സൂര്യതാപമല്ല, നിലാവെളിച്ചം കണ്ടാലും അത് വറ്റിപോകുമെന്നറിക.


Vishnu Dathan

പുതുമഴ

പുതുമഴ പെയ്യുകയായിരുന്നു
ഉണക്കു മണ്ണിന്റെ
സുഗന്ധം പരത്തുവാനായ് ..

മഴ പെയ്യുകയായിരുന്നു
ചുട്ട മണ്ണിന്നു
കുളിരു കോരുവാനായ് ..

മഴകൊണ്ട് നനഞ്ഞൊരാ
ചുവന്ന ചെമ്പോത്തുപോൽ
കാട് കുനിഞ്ഞിരിക്കുന്നു ..

ഇരുണ്ട മേഘത്തിന്നിട-
യിലൂടെയാ വെയിൽ
വരുന്നതും കാത്തിരിക്കുന്നു..

മിന്നലേറ്റൊരാ തടിച്ച
തേക്കതാ
നടുവേ പിളരുന്നു ..

ആഞ്ഞുവീശുമാ കാറ്റിലാ-
യതാ പച്ച മാങ്ങകൾ
നിലം പതിക്കുന്നു ..

പൊതിരെ വീഴുന്നൂ
മഞ്ഞുകട്ടകൾ അരിയ
വെളളരി കെട്ടുപോകുന്നു..

പുതുമഴ പെയ്തു തോർന്നതും
ഉയർന്നു പൊങ്ങുന്നു
നീരാവിയെങ്ങുമേ ..

കഴിഞ്ഞ വേനലിൽ
കൊണ്ട ചൂടതാ പെയ്ത നീരിനെ ആവിയാക്കുന്നു ..

ഭൂമി തണുക്കുന്നു
വിത്തുകൾ പൊട്ടുന്നു പതിയേ
പരക്കുന്നു ഹരിതാഭ ഹാ ..


Vishnu Dathan

ആത്മാന്വേഷണത്തിന്റെ ഇരുണ്ട പാതകൾ

രാത്രിയുടെ മൂർത്തമായ ഭാവം എന്തെന്നില്ലാത്ത വേഗത്തിൽ വന്നടുത്തു. ഓരോ നാഴികവിനാഴികകളായി അതിന്റെ കാഠിന്യം വർദ്ധിച്ചുകൊണ്ടേയിരുന്നു . തുറന്നുവെച്ച ജാലകത്തിനുളളിലൂടെ ഒരു മന്ദമാരുതൻ അവന്റെ മൃദുലചർമ്മങ്ങളെ വന്ന് തലോടിക്കൊണ്ടിരുന്നു . ജനലഴികളിൽ പിടിച്ച് അവൻ പുറത്തേക്കൊന്നെത്തി നോക്കി, മിന്നാമിനുങ്ങിന്റെ പൊട്ടുവെളിച്ചം പോലും ദൃശ്യമല്ല . നിഗൂഢമായ അന്ധകാരം . ആ അന്ധകാരത്തിൽ പല സത്യങ്ങളും മറഞ്ഞുകിടക്കുന്നതു പോലെ ഒരു അനുഭൂതി അവനിൽ ഉത്ഭൂതമായി .

കരണ്ടില്ലായിരുന്നു , അടുത്തിരുന്ന മെഴുകുതിരി തീപ്പെട്ടി ഉരച്ച് കത്തിച്ചു . എന്നിട്ട് തേച്ചുമിനുക്കാത്ത , പരുപരുത്ത ചുമർഭിത്തിയിൽ , തുരുമ്പെടുത്ത് തീരാറായ ഒരു ഇരുമ്പാണിയിൽ തൂക്കിയിട്ട കലണ്ടറിലേക്ക് പതിയേ അവൻ കണ്ണുകളോടിച്ചു .

” അതെ ഇന്ന് അമാവാസിയാണ് , ചന്ദ്രൻ ഭൂമിയുടെ നിഴലിനാൽ പൂർണ്ണമായും മറയ്ക്കപ്പെട്ടിരിക്കുന്നു . എങ്ങും ഇരുട്ട്, ഇരുട്ട് മാത്രം …”

കലണ്ടറിൽ തിയ്യതിക്ക് താഴെയുള്ള കറുത്ത കുത്തുനോക്കി ആനന്ദ് പിറുപിറുത്തു . കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി അവന്റെ മനസ്സിനെ ഭീതിപ്പെടുത്തിയിരുന്ന അന്ധകാരത്തെ അവനാ രാത്രിയിൽ ദർശിച്ചുകൊണ്ടിരുന്നു .

” ശരിക്കും മുന്നോട്ടുള്ള വഴികളിൽ പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു . തിരിച്ചു പോകാൻ തുനിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോർ അതാ അവിടവും അന്ധകാരത്തിലാണ്ടിരിക്കുന്നു . മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കവയ്യാതെ ഞാനീ വഴിമദ്ധ്യത്തിൽ അകപ്പെട്ടിരിക്കുന്നു .

ചുറ്റും തിങ്ങിനിറഞ്ഞ വൻമരങ്ങൾ . പ്രകാശരശ്മികൾക്കു വരെ അതിനെ ഭേദിച്ച് കടന്നു വരാൻ ഭയമാണ് . നിഗൂഢമായ വനം . മരച്ചില്ലകളിൽ നിന്നുമുള്ള വവ്വാലുകളുടെ ഘോര യുദ്ധം , എങ്ങു നിന്നെല്ലാമോ കേൾക്കുന്ന ചെന്നായ്ക്കളുടെ ഓരി , നിലത്ത് തിങ്ങിനിറഞ്ഞ കരിയിലകൾക്ക് മുകളിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു നീങ്ങുന്ന ശബ്ദവും വ്യക്തമാണ് . തിങ്ങിനിറഞ്ഞ കുറ്റിക്കാടുകളാലും വീണുനിറഞ്ഞ കരിയിലകളാലും വഴി അവ്യക്തം തന്നെയാണ് . പക്ഷെ ഒന്ന് വ്യക്തമാണ് ആരുടെയെല്ലാമോ നിരീക്ഷണത്തിലാണ് ഞാനിവിടെ . ചുറ്റും എന്നെ മാത്രം തുറിച്ചു നോക്കുന്ന ചുവന്ന കണ്ണുകളുടെ തിളക്കം ഈ ഇരുട്ടിലും വ്യക്തമായി കാണാം . ഇരുട്ടിലും പ്രകാശത്തെ ആകർഷിച്ച് എന്നെ തുറിച്ചു നോക്കുന്ന കണ്ണുകൾക്കുണ്ടാകും തീർച്ചയായും എന്തെങ്കിലും ലക്ഷ്യക്ഷൾ .

ഈയൊരു അവസരത്തിൽ ഒന്ന് ചിന്തിക്കാതെ നിവൃത്തിയില്ല . ഞാൻ യാത്രയാരംഭിച്ചപ്പോൾ ഈ വഴി എത്രയോ മനോഹരമായിരുന്നു . സൂര്യചന്ദ്രന്മാരുടെ ദിവ്യപ്രദയാൽ രാത്രിയും പകലുമെനിക്ക് ഒരു പോലെയായിരുന്നു . ചുറ്റും കഠിനമായ വനങ്ങളോ വഴികളെ ബന്ധിക്കുന്ന തരത്തിൽ കുറ്റിക്കാടുകളോ കരിയിലകളോ ഇല്ലായിരുന്നു . എന്നെ നിരീക്ഷിക്കുന്ന ചുവന്ന കണ്ണുകളുടെ തിളക്കം ആ പ്രകാശത്തിൽ വേറിട്ടറിയാൻ എനിക്ക് സാധിച്ചിരുന്നില്ല . പക്ഷെ നോക്കൂ , ഇപ്പോൾ എല്ലാം തന്നെ വിപരീതമായി മാറിയിരിക്കുന്നു . പകലേതെന്നോ രാത്രിയേതെന്നോ അറിയാൻ സാധിക്കാത്ത വിധം എങ്ങും ഇരുട്ട് മാത്രം .

പക്ഷെ , എങ്ങനെ ഞാനീ അന്ധകാരത്തിന്റെ തടവറയിൽ അകപ്പെട്ടു പോയി ..?

ഒന്നും , ഒന്നും തന്നെ വ്യക്തമല്ല . ഒരു ചോദ്യചിഹ്നമല്ലാതെ മറ്റൊന്നും തന്നെ ഇപ്പോഴെന്റെ മുന്നിൽ അവശേഷിക്കുന്നുമില്ല . ”

യാമങ്ങൾ തോറും അവന്റെ മനസ്സ് കൂടുതൽ കലുഷിതമായിക്കൊണ്ടിരുന്നു . ഉത്തരം ലഭിക്കാത്ത ഒട്ടനവധി ചോദ്യങ്ങൾ വല്ലാതെ പിടിമുറുക്കുന്ന ഒരവസ്ഥ .

രാത്രിയുടെ കാഠിന്യം വർദ്ധിക്കുന്തോറും ശൈത്യകാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട് തണുപ്പ് ശക്തമായിക്കൊണ്ടിരുന്നു . ജനലഴികളെ ഭേദിച്ച് അത് ശക്തമായി മുറിക്കകത്തേക്ക് പ്രവഹിച്ചു . ശക്തമായ തണുപ്പിനു മുന്നിൽ ആനന്ദിന്റെ ചിന്തകൾ വിലങ്ങിടപ്പെട്ടു . അവന്റെ ശരീരമാസകലം കോരിത്തരിച്ചു . മേശപ്പുറത്ത് കത്തുന്ന മെഴുകുതിരിയെ വീശിക്കെടുത്തി കിടക്കയിലെ കമ്പിളിപ്പുതപ്പിനുളളിലേക്ക് അവൻ പതിയേ പിൻവലിഞ്ഞു . നിമിഷങ്ങൾക്കകം തണുപ്പിനുമേൽ അന്ധകാരം സ്ഥാനം പിടിച്ചു . വീണ്ടും ആ അന്ധകാരത്തിൽ അവന്റെ ചിന്തകൾ വിലങ്ങുകളെ ഭേദിച്ചു . ചിന്തകൾക്ക് വിലങ്ങിടാൻ ശീതക്കാറ്റിന് കടന്നു വരാൻ പറ്റാത്ത വിധം പുതപ്പിനുള്ളിൽ അവനിപ്പോൾ ഭദ്രമാണ് .

” ഉറക്കമെന്നത് അനുഭവിച്ചിട്ട് നാളുകൾ ഏറെ കഴിഞ്ഞിരിക്കുന്നു . അതിനാൽത്തന്നെ എന്റെയീ കണ്ണുകൾക്ക് ഒരു കൂസലുമില്ല . ഒരായിരം ചോദ്യചിഹങ്ങൾ പലരുടെയും മുഖങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു . വ്യക്തമല്ലാത്ത പലതുമുണ്ടതിൽ . സമവാക്യം കണ്ടെത്താത്ത ഗണിത ക്രിയകളെ പോലെ ശിരസ്സിനു ചുറ്റും അവ വൃത്താകൃതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . മനസ്സിന്റെ താളം തെറ്റൽ , ഭ്രാന്തമായ മറ്റൊരു എന്നെ സ്യഷ്ടിക്കാനുള്ള പരിതസ്ഥിതികളുടെ വെമ്പലല്ലാതെ മറ്റൊന്നുമല്ല അത് .

ചുറ്റും വ്യാപിച്ചിരിക്കുന്ന ഈ ഇരുട്ട് അതെന്നെ വല്ലാതെ സ്വാധീനിക്കുന്നു . നോക്കൂ ഞാനിവിടെ ഏകനാണ് . ചുറ്റും എന്നെ ആർത്തിയോടെയോ വിരോധത്തോടെയോ മാത്രം നോക്കുന്ന കണ്ണുകളുടെ തിളക്കം മാത്രം . അവരുടെ കണ്ണുകളിൽ നിഴലിക്കുന്ന , അവരുടെ മനോഭാവം എനിക്കിപ്പോൾ തിരിച്ചറിയാം . അതിൽ കാമമുണ്ട് , വിരോധമുണ്ട് , സഹതാപമുണ്ട് , വെറുപ്പും പരിഹാസവുമുണ്ട് .

യഥാർത്ഥത്തിൽ ഞാൻ എത്തിപ്പെട്ടത് അന്ധകാരത്തിന്റെ മാത്രം ലോകത്താണോ ..?

കാഴ്ച്ച നഷ്ടപ്പെട്ട ഒരു അന്ധൻ എപ്രകാരം സ്പർശനത്താൽ കാര്യങ്ങൾ തിരിച്ചറിയുന്നുവോ അപ്രകാരം , കത്തിത്തീർന്ന കൽവിളക്കുകളുടെയും ഉരുകിത്തീർന്ന മെഴുകുതിരികളുടെയും അവശേഷിപ്പ് ഈ ഇരുട്ടിൽ എനിക്ക് സ്പർശിച്ചറിയാൻ സാധിക്കുന്നുണ്ട് . അതെ ഇപ്പോഴെനിക്ക് ഉറപ്പുണ്ട് , ഇത് അന്ധകാരത്തിന്റെ മാത്രം ലോകമായിരുന്നില്ല . എന്നോ എപ്പോഴോ പരിതസ്ഥിതികളുടെ സമ്മർദ്ദത്താൽ പ്രകാശത്തിന് വിട്ടുപോവേണ്ടി വന്ന ഇടം .”

അവൻ കരയുകയായിരുന്നു . തന്നെ തനിച്ചാക്കിയ കാലത്തെ നോക്കി . അവന്റെ കണ്ണുനീരിന് സാക്ഷിയാവേണ്ടി വന്ന രാത്രിയുടെ ദയനീയത ഒരു ഇളംകാറ്റായി വന്നു കൊണ്ട് കവിളിൽ പരന്നിരിക്കുന്ന അശ്രുകണങ്ങളെ തലോടിക്കൊണ്ടിരുന്നു .

സമയം അങ്ങനെ എത്രയോ കടന്നു പോയി . രാത്രിയുടെ അന്ത്യയാമങ്ങൾ പ്രഭാതത്തിനായി വഴിമാറിക്കൊടുത്തു . കൗമാരക്കാരനായ ആനന്ദിന്റെ ചിന്തകൾക്ക് വിലങ്ങിടാൻ സാധിക്കാതെ നിരാശനായി മടങ്ങേണ്ടി വന്ന നിദ്രയുടെ നിസ്സഹായമായ അവസ്ഥ .

സമയം ഏകദേശം പുലർച്ചയോടടുത്തിരിക്കുന്നു . സമയം അറിയാൻ വേണ്ടി കിടക്കയിൽ നിന്നും കൈ നീട്ടി ചുവരിലെ സ്വിച്ച് ഓൺ ചെയ്തു . നേരത്തേ പോയ കറണ്ട് ഇതുവരെയും വന്നിട്ടില്ല. മെഴുകുതിരി കത്തിക്കാനായി പതിയേ വിരലുകൾ മേശപ്പുറത്തേക്ക് നീട്ടി തീപ്പെട്ടി പരതി . നേരത്തെ മെഴുകുതിരി കത്തിച്ച് മേശപ്പുറത്ത് വച്ചിരുന്ന തീപ്പെട്ടിയും കാണാനില്ല . ജനലഴികളിൽ പിടിച്ചു കൊണ്ട് അവൻ പുറത്തേക്കെത്തി നോക്കി .

അന്ധകാരത്തിന് കാര്യമായി ഒരു മാറ്റവുമില്ല . പുറത്ത് മഞ്ഞുതുള്ളികൾ ശക്തമായി ഇറ്റിറ്റു വീഴുന്നുണ്ട് . മുകളിൽ നിന്നും ഇറ്റുവീഴുന്ന മഞ്ഞുതുള്ളികൾ താഴെ കരിയിലകളിൽ തട്ടി ഒരു ‘ഠ’കാര ശബ്ദം പുറത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്നു . പുറത്തുനിന്നെത്തുന്ന ശക്തമായ തണുപ്പ് ഇപ്പോഴും മുറിക്കകത്തേക്ക് കടന്നുവരുന്നു .

ജനലുകൾ അടച്ച് വീണ്ടുമവൻ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കിടന്നു . സമയം മഞ്ഞുതുള്ളികളായ് പെയ്തുതോർന്നു കൊണ്ടിരുന്നു . പ്രഭാതത്തിന്റെ ഏതോ യാമത്തിൽ ഉറക്കത്തിനവൻ കീഴടക്കപ്പെട്ടു . സകല സ്വബോധവും നഷ്ടമായി ഉറക്കത്തിന്റെ മഹാസാഗരത്തിലേക്ക് തെന്നി വീഴുമ്പോഴും അവന്റെ നാവുകൾ എന്തെല്ലാമോ പിറുപിറുത്തുകൊണ്ടേ യിരുന്നു ….


Vishnu Dathan

ഇയ്യാംപാറ്റ

പ്രതീക്ഷകൾക്കും മോഹങ്ങൾക്കും ചിറകുകൾ മുളയ്ക്കണം .. എന്നിട്ട് ചിറകടിച്ച് പറന്നുയരണം .. പറന്നുപറന്ന് പകുതിയെത്തുമ്പോ ചിറകുകളടർന്ന് മുകളിൽ നിന്നും താഴോട്ട് പതിക്കണം .. എന്നിട്ട് താഴെ കിടന്ന് മുകളിലേക്ക് നോക്കണം .. അപ്പോൾ ഒരായിരം അടർന്നു മാറിയ ചിറകുകൾ കാറ്റത്ത് പറന്നുനടക്കുന്നത് കാണണം .. അപ്പോഴാണ് താനും ഒരു ഇയ്യാംപാറ്റയാണെന്ന യാഥാർത്യം തിരിച്ചറിയുക ..

വീണുകിടക്കുന്ന സ്ഥലത്തു നിന്നും ചുറ്റും ഒന്ന് വീക്ഷിക്കണം .. തന്നെ പോലെ ചിറകുകളറ്റ എത്രയെത്ര പാറ്റകളാണ് ഒരു പുഴുവായ് ഭൂമിയെ ചുംബിച്ച് ഇഴഞ്ഞു നീങ്ങുന്നത് എന്ന് കാണണം .. അപ്പോഴാണ് തനിക്ക് സംഭവിച്ചതും സ്വാഭാവികമായിരുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുക ..

ഒരുപാടു നാളുകൾ സ്വപ്നങ്ങളെയും മോഹങ്ങളെയും ഉള്ളിലൊതുക്കി ഒരു പുതുമഴയുടെ നനവിൽ ഭൂമി നേർക്കുമ്പോൾ അതിലുടെ ഒരു ദ്വാരമുണ്ടാക്കി പറന്നുയരാൻ ശ്രമിക്കുമ്പോൾ പ്രിയമുള്ള പാറ്റേ ഒരു നിമിഷം;

പുതുമഴയും പെയ്തു തോർന്നുകൊള്ളട്ടെ, അതുകഴിഞ്ഞെത്തുന്ന വർഷവും പെയ്തു തോരും .. അന്ന് ഭൂമിക്കു ചിലപ്പോൾ കുറച്ചധികം മൃദുത്വം കൈവന്നെന്നിരിക്കാം.. പെട്ടെന്നടരുന്ന ചിറകുകൾക്ക് ഒരിക്കലും അടരാത്തത്രയും ബലം കൈവന്നൂ എന്നുമിരിക്കാം ..

അതുകൊണ്ട് കാത്തിരിക്കുക .. സവിശേഷമായ മറ്റൊന്നിനു വേണ്ടി .


Vishnu Dathan